മൂക്ക് പൊത്തി ജീവിക്കുന്ന പ്രേതങ്ങൾ

പതിവുപോലെ അന്നും അയാൾ വൈകുന്നേരമായപ്പോൾ നടക്കാനിറങ്ങി..അയാൾക്കതു വളരെ ചെറുപ്പം മുതലുള്ള ശീലമാണ്. നേരെ മൂന്നു കിലോമീറ്റർ അകലെയുള്ള സ്‌കൂൾ ഗ്രൗണ്ടിലേക്ക് നടക്കും..അവിടെപ്പോയി കുറച്ചു നേരം ഇരുന്നു ലോക്കൽ മറഡോണമാരുടെയും കപിൽ ദേവുമാരുടെയും പ്രകടനങ്ങൾ കാണും..പിന്നെ തിരിച്ചു നടക്കും...നേരെ വീട്ടിലേക്കല്ല, വരുന്ന വഴിക്കു ഒരു പഴയ വെയ്റ്റിംഗ് ഷെഡ് ഉണ്ട്, അവിടേക്കു..ഇപ്പോൾ അത് ഉപയോഗ ശൂന്യമാണ്..പുതിയ റോഡ് വന്നു, പുതിയ വെയ്റ്റിംഗ് ഷെഡ് വന്നു, പുതിയവ വരുമ്പോൾ പഴയതിനെ ആർക്കും വേണ്ട എന്ന സ്വാഭാവിക നിയമം ഇവിടെയും കൃത്യമായി പാലിക്കപെട്ടത്‌ കൊണ്ട് പഴയ വെയ്റ്റിംഗ് ഷെഡ് ഉപേക്ഷിക്കപ്പെട്ടു..പക്ഷെ അയാൾക്ക്‌ ഇപ്പോഴും ഇഷ്ടം ആ പഴയതു തന്നെ..പുതിയതിനോടെല്ലാം  അയാൾക്കൊരു വിമുഖത ഉണ്ട്..പുതിയ പാട്ടുകൾ, സിനിമകൾ, വസ്ത്രങ്ങൾ ഒന്നും അയാൾക്കിഷ്ടമല്ല..അയാളുടെ മൂക്കുകൾ എപ്പോഴും വിടർന്നിരിക്കും, പഴമയുടെ ഗന്ധം ശ്വസിക്കാൻ, പുതുമയുടെ നേർക്ക് മൂക്ക് ചീറ്റാൻ..അതുകൊണ്ട് തന്നെ ആ പഴയ വെയ്റ്റിംഗ് ഷെഡ് അയാൾക്ക്‌ മറ്റെന്തിനേക്കാളും ഇഷ്ടപെട്ട ലോകമാണ്..ആ ലോകത്തെ രാജാവാണ് താനെന്ന ഒരു വിശ്വാസമോ അഹങ്കാരമോ അയാൾക്കുണ്ടായിരുന്നു. ആ പഴയ വെയ്റ്റിംഗ് ഷെഡിൽ പോയിരിക്കുന്ന ദിവസങ്ങളിലെ മണിക്കൂറുകളിലാണ് അയാൾ ജീവിതം ആസ്വദിച്ചിരുന്നതെന്നു പറഞ്ഞാൽ അതൊട്ടും അതിശയോക്തി ആവില്ല. പലപ്പോഴും അയാൾ ഒരുപാടു മണിക്കൂറുകൾ, അല്ലെങ്കിൽ ദിവസങ്ങൾ തന്നെ അവിടെ ചെലവിടുന്ന കാര്യം ആലോചിച്ചിട്ടുണ്ട്. പക്ഷെ തങ്ങളുടേതായ പ്രത്യേക രീതിയിൽ ജീവിതം ആസ്വദിക്കുന്നവരെ നമ്മുടെ സമൂഹം "ഭ്രാന്തന്മാർ" എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത് കൊണ്ട് അയാളതിന് മുതിർന്നില്ല..വീട്ടിൽ ഭാര്യയും മകളും ഉണ്ട്..അവരുടെ കാര്യം കൂടി ആലോചിക്കണമല്ലോ..ഒരു "ഭ്രാന്തൻ" ആകാൻ അയാൾക്ക്‌ മടിയില്ലെങ്കിലും ഭ്രാന്തന്റെ ഭാര്യയും മകളുമാകാൻ അവർക്കു ബുദ്ധിമുട്ടാണെന്ന് അയാൾക്ക്‌ ഊഹിക്കാവുന്നതേ ഉള്ളു.


ആ പഴയ വെയ്റ്റിംഗ് ഷെഡിനടുത്തു ഒരു സെമിത്തേരി ഉണ്ട്..പലപ്പോഴും അയാളെ ആനന്ദിപ്പിച്ച ഒന്നായിരുന്നു ആ കാഴ്ച..വെയ്റ്റിംഗ് ഷെഡിൽ ഇരുന്നു  നോക്കിയാൽ റോഡും റോഡിലൂടെ കുതിച്ചു പായുന്ന വാഹനങ്ങളും ശ്വാസം വിടാൻ പോലും സമയമില്ലാതെ നടന്നു നീങ്ങുന്ന പുതിയ മനുഷ്യരേയും കാണാം..തിരിഞ്ഞു നോക്കിയാൽ ഒരു പഴയ ലോകം, മരിച്ചു പോയവരുടെ ലോകം..കുറെ പഴയ മനുഷ്യർ ഉണ്ടവിടെ..കുറെ പ്രേതങ്ങൾ. സന്ധ്യകളിൽ അവിടെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അയാൾ ആലോചിക്കാറുണ്ട് പ്രേതങ്ങളെ കുറിച്ച്. പറക്കുന്ന പ്രേതങ്ങൾ, ചോര കുടിക്കുന്ന പ്രേതങ്ങൾ, മാന്ത്രിക വിദ്യകൾ കാണിക്കുന്ന പ്രേതങ്ങൾ..പ്രേതങ്ങളെ നമ്മുടെ മനസ്സിൽ വരച്ചിട്ടിരിക്കുന്നതു പലപ്പോഴും അങ്ങനെ ആണല്ലോ..തന്നെ അവർ ഉപദ്രവിക്കുമോ എന്ന പേടി അയാൾക്കില്ലായിരുന്നു..പഴയ പ്രേതങ്ങൾ തന്നെ ഉപദ്രവിക്കില്ല, കാരണം താൻ പഴമയുടെ ബ്രാൻഡ് അംബാസിഡർ ആണ്..പക്ഷെ പുതിയ പ്രേതങ്ങൾ..? വരട്ടെ..നോക്കാം...പഴയ പ്രേതങ്ങളെ സഹായത്തിനു വിളിക്കാം..യുദ്ധം നടക്കട്ടെ..പഴയ പ്രേതങ്ങളും പുതിയ പ്രേതങ്ങളും തമ്മിൽ...താൻ പ്രേതമാകുമ്പോൾ പഴയ പ്രേതങ്ങളുടെ കൂടെ ചേരും ...പുതിയ പ്രേതങ്ങളെ അവിടെ നിന്ന് ഓടിക്കും..അവിടെ പഴമ മാത്രം മതി..പഴയ പൂക്കൾ..പഴയ മെഴുകുതിരികൾ..


അവിടെയിരിക്കുമ്പോൾ ഒരേയൊരു കാര്യം മാത്രമേ അയാളെ അലട്ടിയിരുന്നുള്ളു..ദുർഗന്ധം...മുൻസിപ്പാലിറ്റി മാലിന്യം നിക്ഷേപിക്കുന്നത് ആ സെമിത്തേരിയുടെ പിന്നിലുള്ള ഒരു തോടിന്റെ കരയിലാണ്..ഒരു കാറ്റടിച്ചാൽ അവിടെ നിന്നുള്ള ദുർഗന്ധം നേരെ റോഡിലെത്തും..അയാളാലോചിച്ചതു ആ സെമിത്തേരിയിൽ ജീവിക്കുന്ന പ്രേതങ്ങളുടെ അവസ്ഥ ആണ്..അവർ മൂക്ക് പൊത്തിയായിരിക്കും ജീവിക്കുന്നത്...തനിക്കു മൂക്ക് പൊത്തി അവിടെ നിന്ന് സ്ഥലം വിടാം..പക്ഷെ അവർക്കു പോവാനൊക്കുമോ..? പാവങ്ങളായ പഴയ പ്രേതങ്ങൾ..പുതിയ പ്രേതങ്ങൾ അനുഭവിക്കട്ടെ..അവരുടെ കാര്യം ആര് നോക്കാൻ..


ഈ അവസ്ഥക്കെതിരെ എന്ത് ചെയ്യും എന്നാലോചിക്കലാണ് ഇപ്പോഴത്തെ അയാളുടെ പ്രധാന പണി. ഒരു ദിവസം വെയ്റ്റിംഗ് ഷെഡിൽ ഇരുന്നു ആലോചിച്ചു കൊണ്ടിരിക്കെ ഒരു ശബ്ദം..റോഡിൽ നിന്നാണ് കേട്ടത്..ഒരു നായയെ വണ്ടിയിടിച്ചു..ഒരു പുതിയ വണ്ടി...അയാളുടെ മനസ്സിൽ രോഷം ഇരച്ചു കയറി..ഈ പുതിയവ എല്ലാം ഇങ്ങനെ ആണ്..നശീകരണം മാത്രമേ ചെയ്യൂ...വണ്ടിയിടിച്ച നായ പ്രാണ വേദനയാൽ അടുത്തുള്ള ഒരു ബേക്കറിയിലേക്കാണ് ഓടി കയറിയത്..ബേക്കറി മുഴുവൻ ചോരമയം..നായയുടെ കണ്ണുകൾ തുറിച്ചിരിക്കുകയാണ്..അത് അണക്കുകയാണ്..കുറച്ചു പേർ വരുന്നു..അവർ ഒരു കയർ നായയുടെ കഴുത്തിൽ കെട്ടി വലിക്കുകയാണ്....ആശുപത്രിയിലേക്ക് ആകുമോ..? അയാൾ സംശയിച്ചു..അവർ പുതിയ മനുഷ്യർ ആയതു കൊണ്ട് തന്നെ അങ്ങനെ ചെയ്യാൻ സാധ്യത ഇല്ല.. അവർ നായയെ കെട്ടിവലിച്ചു കൊണ്ട് പോയി അടുത്തുള്ള ഒരു പോസ്റ്റിൽ കെട്ടിയിട്ടു..പുതിയ മനുഷ്യർ, തെണ്ടികൾ, ഈ പുതിയ ലോകം തനിക്കു കാണണ്ട..അയാൾ മുഖം തിരിച്ചു. സെമിത്തേരിയിലേക്കു നോക്കിയപ്പോൾ ആശ്വാസം ..പഴയ ലോകം..


പെട്ടെന്നാണ് ഒരു കാഴ്ച..സെമിത്തേരിയിൽ ഒരു കല്ലറക്കു മുകളിൽ ഒരാൾ ഇരിക്കുന്നു...ആരാണയാൾ..? തന്റെ സാമ്രാജ്യത്തിൽ വേറെ ഒരാളോ..? ചിലപ്പോൾ അയാൾ പുതിയ ലോകത്തു നിന്നുള്ള ചാരനായിരിക്കും...അവനെ അവിടെ നിന്ന് പുറത്തു കടത്തണം...ഇങ്ങനെ ചിന്തിച്ചു കൊണ്ട് അയാൾ സെമിത്തേരിയിലേക്കു പ്രവേശിച്ചു. കല്ലറക്കു മുകളിൽ ഇരിക്കുന്ന ആ മനുഷ്യന്റെ സമീപത്തേക്കു ചെന്നു..ആ മനുഷ്യൻ അയാളെ നോക്കി പുഞ്ചിരിച്ചു, പക്ഷെ അയാൾ തിരിച്ചു ചിരി നൽകിയില്ല..


" നിങ്ങളാരാണ്..? എന്തിനു ഇവിടെ വന്നു..?", ഈ ചോദ്യങ്ങൾ ആണ് അയാളിൽ നിന്ന് പുറത്തു വന്നത്.


ആ മനുഷ്യൻ വീണ്ടും പുഞ്ചിരിച്ചു, എന്നിട്ടു പറഞ്ഞു ,


"ഞാൻ ഒരു പ്രേതമാണോ..ഈ കല്ലറയാണ് എന്റെ വീട്.."


മറുപടി കേട്ട് അയാൾ ഒന്ന് ഞെട്ടി..അയാൾ മനസ്സിൽ വിചാരിച്ചു, പുതിയ പ്രേതമാണെങ്കിൽ സൂക്ഷിക്കണം..എന്നിട്ടു വീണ്ടും ഒരു ചോദ്യം..


"നിങ്ങളെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ..? നിങ്ങൾ പഴയ പ്രേതമാണോ പുതിയ പ്രേതമാണോ..?


വീണ്ടും പുഞ്ചിരിയോടെ അയാളോട് മറുപടി, " ഞാൻ പഴയ പ്രേതവും അല്ല, പുതിയ പ്രേതവും അല്ല.."


പക്ഷെ നമ്മുടെ പഴമയുടെ ബ്രാൻഡ് അംബാസഡർ തൃപ്തനല്ല. അയാൾ വീണ്ടും ചോദിച്ചു, "നിങ്ങളെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ..?"


പ്രേതത്തിന്റെ മറുപടി, "ഞാൻ പറഞ്ഞില്ലേ, ഇതാണ് എന്റെ വീട്..ഞാൻ എപ്പോഴും ഇവിടെ ഉണ്ടാകാറുണ്ട്..രാത്രിയിൽ മാത്രമേ പുറത്തിറങ്ങാറുള്ളു.."


"അതെന്താ..?", അയാൾ ചോദിച്ചു.


"പകൽ സമയം എന്നെ ഇവിടെ കണ്ടാൽ മനുഷ്യർ പേടിക്കും. മനുഷ്യർക്ക് പ്രേതങ്ങളെ പേടിയാണ്".


അതിനു അയാൾ മറുപടി പറഞ്ഞത് അഭിമാനത്തോടെയാണ്, "എനിക്ക് പേടിയില്ല..പേടി പുതിയ മനുഷ്യർക്കാണ്.."


പ്രേതം ചോദിച്ചു,


"നിങ്ങൾ പുതിയ മനുഷ്യൻ അല്ലെ."..?


അയാൾ വീണ്ടും ചിരിച്ചു.."അല്ല.. ഞാൻ ജീവിക്കുന്നത് പുതിയ ലോകത്തു ആണെങ്കിലും ഞാൻ പഴയ മനുഷ്യനാണ്.."


പ്രേതം പുഞ്ചിരിച്ചു..


അയാൾ വീണ്ടും ചോദിച്ചു, " രാത്രി മാത്രം പുറത്തിറങ്ങുന്ന നിങ്ങൾ എന്തിനാണ് ഇന്ന് വൈകുന്നേരം വന്നത്..? പുതിയ മനുഷ്യരെ ആരെയെങ്കിലും പേടിപ്പിക്കാനാണോ..? എങ്കിൽ രസമായിരിക്കും..അവർ പേടിച്ചു ഓടുന്നത് എനിക്കും ഒന്ന് കാണണമെന്നുണ്ട്.."


പ്രേതം റോഡിലേക്ക് നോക്കി പറഞ്ഞു, "ആരെയും പേടിപ്പിക്കാനല്ല, ഇപ്പോൾ അപകടം പറ്റിയ ആ നായ, എന്റെ ചെമ്പൻ ..അവനെ അവസാനമായി ഒന്ന് കാണാൻ വന്നതാ.."


അയാൾ അത്ഭുതത്തോടെ ചോദിച്ചു, "പ്രേതങ്ങൾ നായയെ വളർത്തുമോ..?"


പ്രേതം ചിരിച്ചു കൊണ്ട്, 


"ഇല്ല..ചെമ്പൻ എന്റെ വളർത്തു നായ അല്ല..പക്ഷെ അവനെ എനിക്കറിയാം...ഒരുപാട് നാളുകളായി അറിയാം...ഒരു തരത്തിൽ പറഞ്ഞാൽ ഇത് അവന്റെ കൂടി വീടാണ്..പകൽ മുഴുവൻ അലഞ്ഞതിനു ശേഷം രാത്രി അവൻ ഈ കല്ലറക്കു മുകളിലാണ് കിടന്നു ഉറങ്ങുന്നത്..ഉറങ്ങുന്നതിനു മുൻപ് ഞങ്ങൾ കുറച്ചു നേരം സംസാരിക്കാറുണ്ട്.."


അപ്പോൾ അയാൾക്ക്‌ വീണ്ടും അത്ഭുതം, 


"നായകൾക്ക് പ്രേതങ്ങളെ കാണാൻ പറ്റും എന്ന് പറയുന്നത് സത്യമാണല്ലേ..? എന്റെ വിശ്വാസം അങ്ങനെയായിരുന്നില്ല.."


പ്രേതം തുടർന്നു,


"അവന്റെ ഹൃദയമിടിപ്പിന്റെ താളം കേട്ടുകൊണ്ടാണ് പലപ്പോഴും ഞാൻ കിടന്നിരുന്നത്..ഇനിയിപ്പോൾ അത് കേൾക്കാൻ പറ്റില്ല...ആകെയുള്ള ഒരു കൂട്ടുകാരനും പോയി.."


"ആശുപത്രിയിൽ കൊണ്ട് പോയിരുന്നു എങ്കിൽ ഒരുപക്ഷെ അവനെ രക്ഷിക്കാമായിരുന്നു, ഈ പുതിയ മനുഷ്യർ അത് ചെയ്തില്ല ..", അയാൾ പറഞ്ഞു..



"നിങ്ങൾ എന്ത് കൊണ്ട് അത് ചെയ്തില്ല..? നിങ്ങൾ പഴയ മനുഷ്യനല്ലേ..? പ്രേതം ഗൗരവത്തോടെയാണ് അത് ചോദിച്ചത്.


അയാൾ ഒന്ന് ഞെട്ടി..ശരിയാണല്ലോ..താൻ പഴയ മനുഷ്യനല്ലേ..എന്ത്കൊണ്ട് താനത് ചെയ്തില്ല..? തനിക്കു നായയെ പേടിയാണ്...അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ല..പക്ഷെ അതയാൾ പറഞ്ഞില്ല, പകരം പ്രേതത്തോടു ഒരു മറുചോദ്യം,


"നിങ്ങൾ എന്ത്കൊണ്ട് അത് ചെയ്തില്ല..?..നിങ്ങളുടെ ശ്കതി ഉപയോഗിച്ച്...മാന്ത്രിക വിദ്യകൾ ഉപയോഗിച്ച് അത് ചെയ്യാമായിരുന്നില്ലേ..?"


പ്രേതം പൊട്ടിച്ചിരിച്ചു..എന്നിട്ടു പറഞ്ഞു..


"ഹേ, പഴയ മനുഷ്യാ..നിങ്ങളുടെ ധാരണകൾ എല്ലാം തെറ്റാണു..പ്രേതങ്ങൾക്കു ഒരു ശ്കതിയും ഇല്ല..ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നത് പോലും പ്രേതത്തിനു ചെയ്യാൻ സാധിക്കില്ല..ഈ സെമിത്തേരി വിട്ടു പോകാൻ സാധിക്കില്ല..ആഗ്രഹിക്കുന്ന ഒന്നും നടക്കില്ല.."


അയാൾ അത് വിശ്വസിച്ചില്ല.."നുണ..നിങ്ങൾ കള്ളം പറയുന്നു..പ്രേതങ്ങൾ കള്ളം പറയാൻ പാടില്ല..നിങ്ങൾ ഒരു പുതിയ പ്രേതം തന്നെ..അവരാണ് ഇങ്ങനെ നുണ പറയാൻ സാധ്യത ഉള്ളു .."


പ്രേതം വീണ്ടും ചിരിച്ചു,


"അല്ല സുഹൃത്തേ..ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണ്...ജീവിച്ചിരുന്നപ്പോൾ, ഒരു മനുഷ്യൻ ആയിരുന്നപ്പോൾ എനിക്കും പലതും ചെയ്യാൻ കഴിയുമായിരുന്നു..ഞാൻ പലതും ചെയ്യേണ്ടുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്...പക്ഷെ ഞാൻ ഒന്നും ചെയ്തില്ല....എനിക്കറിയില്ല, അല്ലെങ്കിൽ എനിക്കതിന്റെ കാര്യമില്ല എന്ന് വിചാരിച്ചു ഞാൻ ഒഴിഞ്ഞു മാറി...അനീതികളും അക്രമങ്ങളും എന്റെ മുന്നിൽ നടന്നു...പക്ഷെ ഞാൻ കണ്ണടച്ചു..ദയക്ക് വേണ്ടി യാചിക്കുന്ന ജീവിതങ്ങൾ മുന്നിലൂടെ കടന്നു പോയി..ഞാൻ കണ്ടില്ലെന്നു നടിച്ചു, അവരുടെ ശബ്ദം കേട്ടില്ലെന്നു നടിച്ചു...ഞാൻ ഒന്നും ചെയ്യാതെ മറ്റുള്ളവർ ചെയ്യാത്തതിനെ കുറ്റം പറഞ്ഞു...എനിക്ക് ചെയ്യാനുള്ള കഴിവുണ്ടായിരുന്നു അന്ന്..പക്ഷെ ഞാൻ ഒന്നും ചെയ്തില്ല..ഇപ്പോൾ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ ശ്കതമാകുന്നു...പക്ഷെ ഒന്നും ചെയ്യാൻ കഴിയുന്നില്ല..കഴിവുണ്ടായിരുന്നപ്പോൾ ചെയ്യാത്തതിന്റെ ശിക്ഷ.."



അയാൾ സ്തംഭിച്ചു നിൽക്കുകയാണ്..വാക്കുകൾ കിട്ടുന്നില്ല..എങ്കിലും പറഞ്ഞു..


"ഞാനൊരു പഴയ മനുഷ്യനായിരിക്കാൻ ഇഷ്ടപ്പെട്ടു..ശ്രമിച്ചു..പക്ഷെ അതൊരു പാഴ്ശ്രമം മാത്രമാണെന്ന് ഇപ്പോൾ തോന്നുന്നു.."


പ്രേതം പുഞ്ചിരിച്ചു.


അയാൾ തുടർന്നു, "താങ്കൾ ആഗ്രഹിക്കുന്നത് പോലെ ഒരു മനുഷ്യനാകാൻ ഞാൻ ശ്രമിക്കട്ടെ..എനിക്ക് ഇനി അതിനു സാധിക്കുമോ..?"


പ്രേതം പറഞ്ഞു, "ശ്രമം നല്ലതാണു..നടക്കുമോ എന്നെനിക്കറിയില്ല..പക്ഷെ ഒരു കാര്യം മാത്രം പറയാം...പഴയ മനുഷ്യനായാലും പുതിയ മനുഷ്യനായാലും, നമ്മുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാതെ മനുഷ്യനായി ജീവിക്കുന്നതിലും നല്ലതു, കാറ്റിലൂടെ വരുന്ന ഈ ദുർഗന്ധവും സഹിച്ചു, മൂക്കും പൊത്തി ഈ കല്ലറയിൽ കഴിയുന്നതാണ്..ഇനിയൊന്നും ഒന്നും ചെയ്യാൻ കഴിയില്ല എന്ന സത്യത്തിൽ വിശ്വസിച്..".


അയാൾ മറുപടി പറഞ്ഞില്ല...ഒന്നും മിണ്ടാതെ അയാൾ തിരിഞ്ഞു നടന്നു....പഴയതും പുതിയതുമല്ല..ഒരു മനുഷ്യനാവാൻ കൊതിച്ചു കൊണ്ട്...


പോസ്റ്റിൽ കെട്ടിയിട്ട ചെമ്പൻ അപ്പോൾ തന്റെ അവസാന ശ്വാസവും എടുത്തു കഴിഞ്ഞിരുന്നു.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Mohanlal: The Pinnacle of Indian Cinema and the Undying Emotion of Kerala

ദൈവത്തെ കാണാനില്ല..മനുഷ്യരേയും