ദൈവത്തെ കാണാനില്ല..മനുഷ്യരേയും

 ദൈവ വിശ്വാസി ആണോ..? ഈ ചോദ്യം എപ്പോഴെങ്കിലും ജീവിതത്തിൽ കേൾക്കാത്തവരായി ആരും ഉണ്ടാവില്ല..വിശ്വാസികളും അവിശ്വാസികളും നമുക്കിടയിൽ ഉണ്ട്...വിശ്വസിക്കുന്നത് കൊണ്ട് കൂടുതൽ ഏതെങ്കിലും ഗുണമോ അവിശ്വസിക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷമോ ഉണ്ടോ..? വ്യക്തിപരമായി അങ്ങനെ ഗുണമോ ദോഷമോ ഉണ്ടെന്നു വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല, അത് പൂർണ്ണമായും വ്യക്തി സ്വാതന്ത്ര്യവുമാണ്. ഇനി വളരെ വ്യക്തിപരമായി തന്നെ പറഞ്ഞാൽ, നമ്മുക്ക് പൂർണ്ണമായി മനസ്സിലാക്കാനോ നിയന്ത്രിക്കാനോ കീഴ്‌പ്പെടുത്താനോ സാധിക്കാത്ത ഒരു ശക്തി ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു...അത് പ്രകൃതി ആവാം..സമയം ആവാം..കാലമാവാം..നമ്മുടെ ചിന്തകൾ ആവാം..എന്തുമാവാം..ദൈവം എന്ന് കരുതുന്നത് അതിനെയാണ്...നമ്മുടെ മനസ്സിന് ശ്കതി പകരുന്നത് എല്ലാം ദൈവമാണ്..നല്ല ചിന്തകളിലേക്കും പ്രവർത്തികളിലേക്കും സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നത് എന്തോ അതെല്ലാം ദൈവമാണ്...അതിനെ നിങ്ങൾക്ക് രാമനെന്നോ കൃഷ്ണനെന്നോ യേശു ക്രിസ്തുവെന്നോ  അല്ലാഹുവെന്നോ വിളിക്കാം...ചെറുപ്പത്തിൽ അമ്പലത്തിൽ ഒരുപാട് പോവുമായിരുന്നു..അത് ദൈവ വിശ്വാസം ഉള്ളത് കൊണ്ടായിരുന്നോ എന്ന് ചോദിച്ചാൽ അതറിയില്ല..ഓര്മ വെച്ചപ്പോൾ മുതൽ ശീലിച്ച ഒരു കാര്യം..അമ്പലത്തിൽ പോവുക, പ്രാർത്ഥിക്കുക, സന്ധ്യാ നാമം ചൊല്ലുക ഇതെല്ലാം ചെയ്‌തത്‌ പൂർണ്ണമായ ഭക്തിയോടെ ആയിരുന്നോ എന്ന് ചോദിച്ചാൽ, അല്ല എന്ന് തന്നെയാണ് ഉത്തരം...അച്ഛനും അമ്മയും ഉൾപ്പെടെയുള്ള മുതിർന്നവർ നമ്മളറിയാതെ നമ്മളെ കൊണ്ട് ശീലിപ്പിച്ച, പഠിപ്പിച്ച ഒരു കാര്യം..അത്രയേ പറയാൻ പറ്റു...


നുണ പറഞ്ഞാൽ ദൈവം കോപിക്കും...ആരെയെങ്കിലും ഉപദ്രവിച്ചാൽ ദൈവത്തിന്റെ ശിക്ഷ പുറകെ വരും...മുതിർന്നവരെ അനുസരിക്കണം, ഇല്ലെങ്കിൽ നരകത്തിലേക്ക് ടിക്കറ്റ് ഉറപ്പാണ്..അങ്ങനെ ചെറിയ മനസ്സുകളിലേക്ക് ഭയത്തിന്റെ ഗുളികകൾ നൽകി കൊണ്ട് ദൈവ വിശ്വാസം ഉണ്ടാക്കി എടുക്കുന്നു..പിന്നീട് വളരുന്ന മുറക്ക് അതിലേക്കു ജാതിയുടെ, മതത്തിന്റെ വിത്തുകൾ കൃത്യമായി പാകി മുളപ്പിച്ചു, നമ്മൾ- അവർ എന്ന തരത്തിലുള്ള വിഭജനത്തിലേക്കു അറിഞ്ഞോ അറിയാതെയോ കൊണ്ട് പോകുന്നു...നമ്മുടെ നാട്ടിൽ നടക്കുന്നത് ഒരു പരിധി വരെ ഇതാണ്..തൂണിലും തുരുമ്പിലും നമ്മുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യരിലും ദൈവം ഉണ്ടെന്നു ഗീതയും ഖുറാനും ബൈബിളുമെല്ലാം പറഞ്ഞ് വെക്കുന്നു..പക്ഷെ അമ്പലത്തിലും പള്ളിയിലും പോയില്ലെങ്കിൽ ദൈവ വിശ്വാസി ആവില്ല ഇവിടെ..അതിന്റെ ന്യായം എന്തെന്ന് ഒരു പിടിയും കിട്ടിയിട്ടില്ല ഇന്ന് വരെ..ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശ്കതിയാണ് ഈശ്വരൻ എന്ന് ഭക്തിയോടെ പറയുന്നവർക്ക് പോലും, ദൈവത്തെ വിളിച്ചു പ്രാർഥിക്കാൻ അമ്പലത്തിൽ പോകണം..പള്ളിയിൽ പോകണം..അതും ചില പ്രത്യേക ദിവസങ്ങളിൽ പോയാൽ കൂടുതൽ നല്ലതു എന്നാണ് പറയുന്നത്...ബാക്കി ദിവസങ്ങളിൽ ദൈവം എന്തെടുക്കുകയാണ്..? പിന്നെ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദൈവം വേഷ പ്രച്ഛന്നനായി ഈ ലോകത്തുള്ള ലക്ഷ കണക്കിന് ആരാധനാലയങ്ങളിൽ തീയും പുകയും കരിയും പറ്റി, അടച്ചിട്ട ഒരു ഇരുണ്ട മുറിക്കുള്ളിൽ അനുഗ്രഹം തരാനും പരാതികൾ കേൾക്കാനും ഇരിക്കുകയാണ് എന്ന് പറഞ്ഞാൽ എങ്ങനെയാണു അതിൽ സാമാന്യ ബോധം ഉണ്ടെന്നു മനസിലാക്കുക? ഇത് പറഞ്ഞാൽ ചിലർ പറയും, നമ്മുക്ക് ചുറ്റും വായു ഉണ്ട്, പക്ഷെ കാറ്റ് കിട്ടണം എങ്കിൽ ഫാൻ ഇടണം..അതുപോലെയാണ് അമ്പലവും പള്ളിയും എന്ന്...ആണോ..? തിരിച്ചു അവരോട് ചോദിയ്ക്കാൻ ഉള്ളത് അടച്ചിട്ട മുറികളിൽ ഇരിക്കുന്നവർക്ക് മാത്രമല്ലെ ആ ഫാൻ ഇടേണ്ട ആവശ്യം ഉള്ളത്..? അല്ലാത്തവരോ..? അതുപോലെ അടച്ചിട്ട മനസ്സുമായി ജീവിക്കുന്നവർക്ക് ആയിരിക്കാം അമ്പലവും പള്ളിയും ആശ്വാസം പകരുന്നത്...അതിനു പകരം നമ്മുടെ സഹജീവികളുടെ നേരെ മനസ്സൊന്നു തുറന്നു പിടിച്ചാൽ, എല്ലാവരേയും ഒരുപോലെ കണ്ടാൽ, എല്ലാ വ്യത്യാസങ്ങൾക്കും അപ്പുറം അവരെ സ്നേഹിക്കാൻ പഠിച്ചാൽ പിന്നെ ദൈവത്തെ അറിയാൻ, ആ സാന്നിധ്യം ഉള്ളിൽ നിറയുന്നത് മനസ്സിലാക്കാൻ അമ്പലവും പള്ളിയും വേണ്ടി വരില്ല..കൂടുതൽ തുക മുടക്കി വഴിപാട് നടത്തുന്നവരെ, കൂടുതൽ തുക കാണിക്ക ആയി ഇടുന്നവരെ ദൈവം കൂടുതൽ അനുഗ്രഹിക്കും, പെട്ടെന്ന് അവരുടെ പ്രാർഥന കേൾക്കും എന്ന് വിശ്വസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്....നിങ്ങളുടെ ദൈവം ഒരു കൈക്കൂലിക്കാരനാണ് എന്ന് പച്ചക്കു വിളിച്ചു പറയുന്നതിന് തുല്യമാണത്..


പിന്നെ കാണുന്ന മറ്റൊന്നാണ് മതത്തിന്റെ പേരിൽ നടക്കുന്ന വഴക്കുകളും വേര്തിരിവുകളും..ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്ന് പറഞ്ഞു ഉള്ള തിരിവുകൾ നടത്തി വെട്ടിക്കൊല്ലുന്നതു പോരാഞ്ഞിട്ട്, ഓരോ മതത്തിലും ജാതിയുടെ തിരിവുകൾ വേറെ...അതിന്റെ പേരിലും അടി...ഒരേ ദൈവത്തിൽ വിശ്വസിക്കുന്നവർ തന്നെ അതിലും വേർതിരിവ് കാണിക്കുന്നു...ഉയർന്ന ജാതിയിൽ ഉള്ളവരും താഴ്ന്ന ജാതിയിൽ ഉള്ളവരും പ്രാർഥിക്കുന്നത് ഒരേ ദൈവത്തോട്..ആരാധിക്കുന്നത് ഒരേ ദൈവത്തെ...പിന്നെങ്ങനെ ആണ് നിങ്ങൾ വ്യത്യസ്തരാവുന്നതു..? ജാതി നോക്കി അനുഗ്രഹിക്കുന്ന ആ ശ്കതിയെ എന്തിന്റെ പേരിലാണ് കരുണാമയൻ എന്ന് നിങ്ങൾ വിളിക്കുന്നത്..? സാമാന്യ ബോധത്തിന് നിരക്കുന്ന ഒരുത്തരം ഇതുവരെ ലഭിക്കാത്ത ചോദ്യം...ഒരു മതത്തിൽ പെട്ടയാൾ മറ്റൊരു മതത്തിൽ പെട്ട ആളിനെ സ്നേഹിച്ചാൽ കുഴപ്പം, ഒന്നിച്ചു ജീവിച്ചാൽ കുഴപ്പം..പക്ഷെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും പറയുന്നത് എല്ലാവരേയും സ്നേഹിക്കാൻ മാത്രം..നിങ്ങൾ ഹിന്ദുക്കളെ മാത്രമേ സ്നേഹിക്കാവു എന്ന് ഭഗവത് ഗീതയിൽ പറയുന്നുണ്ടോ..? നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് ബൈബിളിൽ പറയുമ്പോൾ, അയാൾ ഒരു കൃസ്ത്യാനി ആവണം എന്ന് ബൈബിളിൽ പറയുന്നുണ്ടോ..? മുസ്ലിം അല്ലാത്തവരെ നിങ്ങൾ സ്നേഹിക്കരുത് എന്ന് ഖുറാനിൽ എവിടെയാണ് പറയുന്നത്..? നിങ്ങൾ വിശ്വസിക്കുന്ന, പുണ്യ ഗ്രന്ഥങ്ങളിലോ നിങ്ങളുടെ വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാന തത്വങ്ങളിലോ പോലും പറയാത്ത വേർതിരിവ് നിങ്ങൾ എങ്ങനെ ഉണ്ടാക്കി എടുത്തു..? നിങ്ങളുടെ ദൈവങ്ങളുടെ വാക്കുകളെ തന്നെ നിങ്ങൾ വളച്ചൊടിക്കുകയാണെങ്കിൽ, പിന്നെ നിങ്ങൾക്ക് എന്ത് ഭക്തിയും വിശ്വാസവും ഉണ്ടെന്നാണ് അവകാശപ്പെടുന്നത് എന്ന് സ്വയം ചിന്തിച്ചു നോക്കുക...ഒരാളെ സ്നേഹിക്കുന്നതിൽ, പ്രണയിക്കുന്നതിൽ എന്തിനാണ് ജാതിയും മതവും നിറവും ദേശവും പ്രായവും എല്ലാം നോക്കുന്നത്...നിങ്ങൾ അവരെ എങ്ങനെയാണോ സ്നേഹിക്കാൻ ആഗ്രഹിക്കുന്നത്, അതുപോലെ അങ്ങ് സ്നേഹിക്കുക..അത് നിങ്ങളുടെ അവകാശമാണ്...സഹോദരി ആയും സഹോദരൻ ആയും സ്നേഹിക്കുക..കാമുകിയും കാമുകനും ആയി സ്നേഹിക്കുക..മക്കളെ പോലെ സ്നേഹിക്കുക മാതാപിതാക്കളെ പോലെ സ്നേഹിക്കുക..ഗുരുവിനെ പോലെ സ്നേഹിക്കുക..സുഹൃത്തായി സ്നേഹിക്കുക....ഇതിലെല്ലാം സ്നേഹം മാത്രമാണ് വരുന്നുള്ളു...വേർതിരിവ് വരുന്നില്ല...അല്ലാതെ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാൾ ഏതു ജാതി ആണ്, മതമാണ്, ദേശമാണ്, അയാൾക്ക്‌ നിങ്ങളെക്കാൾ പ്രായം കുറവാണോ കൂടുതലാണോ, അയാൾ വെളുത്തവൻ ആണോ കറുത്തവൻ ആണോ എന്നൊക്കെ വേർതിരിച്ചു നോക്കാതെ, നിങ്ങളെ പോലെ തന്നെ വികാരങ്ങളും വേദനകളും സന്തോഷങ്ങളും ഉള്ള ഒരു മനുഷ്യനായി കണ്ടാൽ ഇവിടുത്തെ പ്രശ്ങ്ങൾ പലതും തീർന്നു കിട്ടും...


ഒരു പേര് കേൾക്കുമ്പോൾ പോലും മതം ചിന്തിക്കുന്ന മനസ്ഥിതിയിൽ ആയിട്ടുണ്ട് നമ്മുടെ നാട്..ഒരിക്കൽ ഒരു സുഹൃത്തു പറഞ്ഞതോർക്കുന്നു...അവന്റെ വീട്ടിൽ അവന്റെ ഒരു കൂട്ടുകാരൻ വന്നു..പേര് രാഹുൽ..വീട്ടിൽ നല്ലപോലെ സ്വീകരിച്ചു, സൽക്കരിച്ചു...എല്ലാം കഴിഞ്ഞു കൂട്ടുകാരൻ പോയപ്പോൾ ഇവന്റെ 'അമ്മ ചോദിച്ചു, ആ പയ്യൻ എവിടെ ഉള്ളതാണ് എന്ന്...അപ്പോൾ ആ സുഹൃത്ത് പറഞ്ഞു ഞങ്ങളെ പഠിപ്പിക്കുന്ന റോയ് എന്ന സാറിന്റെ മകൻ ആണെന്ന്...ഉടനെ അവന്റെ അമ്മയുടെ വായിൽ നിന്ന് വന്ന മറുപടി, "പേര് കേട്ടപ്പോൾ നമ്മുടെ കൂട്ടരാണ് എന്ന് വിചാരിച്ചു, മാപ്പിള ആണല്ലേ" എന്നാണ്..ഒരു പേര് കേൾക്കുമ്പോൾ പോലും ഇപ്പോൾ ആളുകൾ ആദ്യം ചിന്തിക്കുന്നത് അവൻ ഹിന്ദുവാണോ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോ എന്നാണ് ...എത്ര മോശമായ അവസ്ഥ ആണത്..ഒരാൾ വേറെ ഒരു മതത്തിൽ വിശ്വസിക്കുന്നവൻ ആണെങ്കിൽ, അവർ നിങ്ങളിൽ നിന്ന് എങ്ങനെ ആണ് സുഹൃത്തുക്കളെ വ്യത്യസ്തൻ ആവുന്നത്..നിങ്ങളെ പോലെ തന്നെ അവനും ജീവിക്കാൻ വായുവും വെള്ളവും ഭക്ഷണവും അല്ലെ വേണ്ടത്..? നിങ്ങൾ ശ്വസിക്കുന്ന അതേ വായുവും വെള്ളവും നിങ്ങൾക്ക് പ്രകൃതി തരുന്ന അതേ ഭക്ഷണവും അല്ലെ അവർക്കും ലഭിക്കുന്നത്..? ജനിക്കുന്നത് മുതൽ മരിക്കുന്നതു വരെ നിങ്ങളുടെ ശരീരം എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതുപോലെ തന്നെയല്ലേ അവരുടെ ശരീരവും പ്രവർത്തിക്കുന്നത്..? ഇവിടെ എവിടെയാണ് ജാതിയും മതവും നിറവും നിങ്ങളെ വ്യത്യസ്തരാകുന്നത്..? അല്ലെങ്കിൽ ഒരാളെക്കാൾ മറ്റെയാളെ വലുതാകുന്നത്..?


ഒരു കുഞ്ഞു ജനിക്കുമ്പോൾ അതിനു അനുഭവപ്പെടുന്നത് കുറെ ശബ്ദവും കുറെ വെളിച്ചവും മാത്രമാണ്...അല്ലാതെ ജാതിയും മതവും നിറവും അല്ലല്ലോ..ആ കുഞ്ഞു വളരുമ്പോൾ അതിനെ നമ്മൾ പറഞ്ഞു പഠിപ്പിക്കുന്നതല്ലേ നീ ഹിന്ദു ആണ് ക്രിസ്ത്യൻ ആണ് മുസ്ലിം ആണെന്നൊക്കെ..അല്ലാതെ ആ കുഞ്ഞു വളർന്നു വലുതായി എല്ലാം സ്വയം അറിയുകയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടു സ്വന്തമായി ഒരു മതമാണോ ജാതിയോ തിരഞ്ഞെടുക്കുന്നത് അല്ലല്ലോ..അതിനുള്ള സ്വാതന്ത്ര്യം ഇന്ന് ഈ ലോകത്തു നല്കാൻ ശ്രമിക്കുന്നുണ്ടോ..? അങ്ങനെയുള്ളപ്പോൾ ഒരു മതത്തിൽ ജനിക്കുന്നവൻ വളരുന്നത് മറ്റൊരു മതത്തിൽ പെട്ടവരുടെ കൂടെയാണെങ്കിൽ അവന്റെ മതവും അതായി മാറും...അവിടെ ജന്മനാൽ ആരും ഒരു മതത്തിലും ജാതിയിലും പെടുന്നില്ലല്ലോ...മരണം വരുന്നതും ജാതിയും മതവും നോക്കിയല്ല...ഇപ്പോൾ കൊറോണ വന്നു ജീവനെടുത്തു പോയത് ഇവിടെ ഉള്ളവരുടെ ജാതിയോ മതമോ നോക്കിയല്ല....  പിന്നെ എന്തിനാണ് വേർതിരിവോടെ ജീവിക്കാൻ ശ്രമിക്കുന്നത്..? നമ്മളിൽ ഓരോരുത്തരും ഇപ്പോൾ ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്ന ആന മണ്ടത്തരങ്ങൾ വിശ്വസിച്ചാണ് ജീവിക്കുന്നത്...അതിൽ നിന്ന് പുറത്തു കടന്നാൽ ലഭിക്കാൻ പ്പോകുന്നത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു ലോകവും ജീവിതവുമാണ്...അതിനു ഒരു ഉദാഹരണം പറയാം..ചൊവ്വ ദോഷം.. ഞാൻ കേട്ടിട്ടുള്ളതിൽ വെച്ചേറ്റവും വലയ കോമഡി ആണത്..? നമ്മുടെ ഈ പ്രപഞ്ചത്തിൽ ഉള്ള ഗ്രഹങ്ങളിൽ ഒരു ഗ്രഹം, കൃത്യമായി ഹിന്ദുക്കളായ പെൺകുട്ടികളെ മാത്രം തിരഞ്ഞു പിടിച്ചു കല്യാണം മുടക്കുന്ന അവസ്ഥ..എന്താല്ലേ...ഒന്ന് ചിന്തിച്ചാൽ മനസ്സിലാവും ഇതിലെ ആന മണ്ടത്തരം..പക്ഷെ നമ്മൾ അത് വിശ്വസിച്ചു ജീവിക്കാൻ തയ്യാറാവുന്നു എന്നത് തന്നെയാണ് ഇന്നത്തെ ഏറ്റവും വലിയ ശാപം...പക്ഷെ ജാതി എന്തെന്ന് ചോദിച്ചാൽ മനുഷ്യൻ എന്നും മതം എന്തെന്ന് ചോദിച്ചാൽ സ്നേഹം എന്നും പറയാൻ പാകത്തിന് നിങ്ങളുടെ മനസ്സ് എന്ന് വളരുന്നുവോ, അന്ന് നിങ്ങൾക്ക് ദൈവത്തെ അറിയാൻ സാധിക്കും..അമ്പലത്തിലും പോവേണ്ട പള്ളിയിലും പോവേണ്ട...കൈകൂപ്പി പ്രാർത്ഥിക്കുകയോ കുരിശു വരക്കുകയോ ആകാശത്തേക്ക് നോക്കുകയോ ചെയ്യേണ്ട....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Mohanlal: The Pinnacle of Indian Cinema and the Undying Emotion of Kerala