ഓർമ്മകളുടെ കണ്ണാടിയിലൂടെ ഒരു ദൂരദർശനം..
ഒരു ഞായറാഴ്ച കൂടി അലസതയുടെ കമ്പിളി പുതപ്പു മൂടി കടന്നു വന്നു..മതിയാവോളം കിടന്നുറങ്ങി...ശേഷം എഴുന്നേറ്റു പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു ഞായറാഴ്ചയിലെ ആദ്യത്തെ പരിപാടി ആയ ടി വി ചാനലുകളിലൂടെ ഉള്ള 100 മീറ്റർ ഓട്ടം തുടങ്ങി..ശ്വാസം കഴിക്കുന്നതിലും വേഗത്തിൽ ആണ് ചാനലുകൾ മാറ്റുന്നത്..എല്ലാ ചാനലും ഒരുമിച്ചു കാണാൻ പറ്റിയിരുന്നെങ്കിൽ..വന്നു വന്നു ഇപ്പൊ ഇന്ത്യയിലെ ജന സംഖ്യയെ മറിക്കടക്കാൻ ഒരുങ്ങി നില്ക്കുന്ന അത്രയും എണ്ണം ചാനലുകൾ ഉണ്ട്..പക്ഷെ ഒന്നും ശ്വാസം വിട്ടിരുന്നു കാണാൻ ഉള്ള സമയം ഇല്ല..അങ്ങനെ ചാനെലുകളിലൂടെ ഓടി 100 മീറ്റർ ഓട്ടത്തിൽ റെക്കോർഡ് സമയത്തോടെ ഈ ഞായറാഴ്ച ഞാൻ സ്വര്ണ്ണം നേടും എന്ന ഘട്ടത്തിൽ എത്തിയപ്പോൾ ഒരു മിന്നായം പോലെ ഞാൻ കണ്ടു...നമ്മുടെ "ദൂരദർശൻ"...എഫ് ഐ ആർ എന്ന സിനിമയിലെ വില്ലൻ ശ്രീമാൻ നരേന്ദ്ര ഷെട്ടി പറയുന്നത് പോലെ എന്റെ മനസ്സും എന്നോട് പറഞ്ഞു റീവൈന്റ് റീവൈന്റ് എന്ന്...മനസ്സ് പറഞ്ഞ പോലെ ഞാൻ കാലങ്ങളെ ഒന്ന് റീവൈന്റ് ചെയ്യുകയാണെ...ഒരു ദൂരദർശനത്തിനായി..
ദൂരദർശൻ ചാനലുകൾ മാത്രം ഉണ്ടായിരുന്ന ഒരു കുട്ടിക്കാലം..അന്നേ ഞാൻ മനസ്സറിഞ്ഞു ഈ പെട്ടിക്കു മുന്നില് ഇരുന്നിട്ടുള്ളൂ..ഞായറാഴ്ച രാവിലെ അമ്പലത്തിൽ ഒക്കെ പോയി അവിടെ കാണേണ്ട ചിലരെ ഒക്കെ കണ്ടു (അത് പിന്നൊരിക്കൽ പറയാം) കഴിഞ്ഞു ഒറ്റ ഓട്ടം ആണ് വീട്ടിലേക്കു...എന്തിനാ രാവിലെ ഉള്ള ശ്രീകൃഷ്ണ പിന്നെ ചന്ദ്രകാന്ത ..ഇത് രണ്ടും മിസ്സ് ആക്കാൻ പറ്റില്ല..അതിന്റെ മുന്നില് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്..കയ്യ് വായിലേക്ക് തന്നെ ആണോ പോകുന്നത് എന്നറിയണം എങ്കിൽ കണ്ണാടി നോക്കി കഴിക്കേണ്ടി വരും..പിന്നെ ഉച്ചക്ക് ഒരു 12 മണി വരെ തൊടിയിലും ഒക്കെ കളിച്ചു നടന്നിട്ട് 12 മണി കഴിയുമ്പോഴേക്കും ഓടി വീട്ടിലെത്തും..ആരെ കാണാൻ..നമ്മുടെ ശകതിമാനെ കാണാൻ..ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ഹീറോ..ക്രിഷും രാവണും ഒക്കെ വന്നാലും ഞങ്ങളുടെ ശക്തിമാനെ തോല്പ്പിക്കണം എങ്കിൽ ഇത്തിരി പുളിക്കും..മനസ്സിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ ആയിരുന്നു ശക്തിമാനെ അവതരിപ്പിച്ച മുകേഷ് ഖന്ന..വൈകുന്നേരം നാല് മണിക്ക് ആണ് പിന്നെ ടി വിയുടെ മുമ്പിലെ തപസ്സിരുപ്പു...കാരണം ഇന്നത്തെ പോലെ ഒരു ദിവസം പല ചാനലിൽ ആയി 100 സിനിമ ഒന്നും ഇല്ല..ആഴ്ചയിൽ ഒരിക്കൽ ഒരു സിനിമ..ആ ഒരു സിനിമയ്ക്കു പിന്നിൽ ഒരാഴ്ചത്തെ കാത്തിരിപ്പ് ഉണ്ട്..കാരണം തലേ ദിവസം വൈകുന്നേരത്തെ തിരനോട്ടം പരിപാടിയിൽ ആണ് ഞായറാഴ്ച ഉള്ള ആ സിനിമ ഏതാണെന്ന് അവർ പ്രഖ്യാപിക്കു..
ചില ദിവസം ആണെങ്കില അവർ അതൊട്ട് പറയുകയും ഇല്ല..അപ്പോൾ വരുന്ന ദേഷ്യം ഉണ്ടല്ലോ..അന്ന്വല്ല മൊബൈൽ ഫോണും കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഉണ്ടല്ലോ..നമ്മുടെ ലാലേട്ടൻ അധിപൻ എന്ന സിനിമയിൽ ചെയ്ത പോലെ ദൂരദർശൻ കേന്ദ്രത്തിലേക്ക് വിളിച്ചു "ഞാൻ നിന്റെ തന്തയാട തന്ത.." എന്നൊക്കെ പറഞ്ഞു പോയേനെ..പക്ഷെ ആ ഒരു സിനിമാ കാഴ്ച നല്കുന്ന ഒരു സുഖം..അത് പറഞ്ഞറിയിക്കാൻ ആവില്ല..ആകെ ഒരു കുഴപ്പമേ ഉള്ളു..സിനിമയുടെ ഇടയ്ക്കു 5 മണിക്ക് ഒരു ന്യൂസ് വരും..5 മിനിറ്റ് മാത്രം ഉള്ള ന്യൂസ്..ചിലപ്പോൾ ആ ഗ്യാപ്പിൽ ദൂരദർശൻ സെൻസർ ബോര്ഡിന്റെ പണിയും എടുക്കും..സിനിമ വെട്ടും..കാരണം ആരൊക്കെ ചത്താലും എന്തൊക്കെ സംഭവിച്ചാലും ഇനി ഇപ്പൊ ശങ്കറിന്റെ 3 മണിക്കൂറിനു മുകളിൽ ഉള്ള സിനിമ "ഐ" ഇട്ടാലും കൃത്യം 4 മണിക്ക് തുടങ്ങി 6.30 നു സിനിമ അവർ തീർത്തിരിക്കും..വല്ലാത്ത ഒരു കഴിവ് തന്നെ..ശനി ഞായർ ദിവസങ്ങളിലെ ഏറ്റവും വലിയ ആകര്ഷണം വൈകുന്നേരം എത്തുന്ന മൌഗ്ലിയെ കാണാൻ ആണ്..ബഗീരനും ഷേർഖാനും എല്ലാം കൂടി ജംഗിൾ ബുക്ക് ഞങ്ങളുടെ സ്വപ്നം ആയിരുന്നു..മൗഗ്ലി വീടിലെ അംഗം പോലെ ആയിരുന്നു..മൌഗ്ലിയോടൊപ്പം കരഞ്ഞു മൗഗ്ലി ചിരിച്ചപ്പോൾ ഒക്കെ ചിരിച്ചു..
അത് മാത്രം അല്ലാട്ടോ..നമ്മുടെ ഹീമാൻ വരും ആഴ്ചയിൽ ഒരിക്കൽ..ഹീമാനെ അനുകരിച്ചൊക്കെ എത്ര തവണ കൂട്ടുകാരും ഒത്തു കളിയുദ്ധം നടത്തിയിട്ടുണ്ട്..സ്കൂൾ ഉള്ള ദിവസങ്ങളിലും ദൂരദര്ശന്റെ ചില സ്പെഷ്യൽ ഉണ്ടാകാറുണ്ട്..ദൂരദർശൻ മെട്രോ തുടങ്ങിയപ്പോൾ ആണത്..വൈകുന്നേരം 5 മണി മുതൽ 7 മണി വരെ കാർട്ടൂൻസ് ആണ്..മിക്കി മൗസും ചിപ്പ് ആൻഡ് ഡെലും ഡക്ക് ടെയിലും എല്ലാം കൂടി ചേർന്ന് അടിപൊളി ആക്കുന്ന വൈകുന്നേരങ്ങൾ..7 മണിക്ക് വാര്ത്ത ആണ്..വാർത്തകൾ വായിക്കുന്നത് ബാലകൃഷ്ണൻ..ആ ചേട്ടനെ അങ്ങനെ മറക്കാൻ പറ്റില്ല..ഇത്രയും അക്ഷര ശുദ്ധിയോടെ വാർത്തകൾ വായിക്കുന്ന ഒരാളെ പിന്നീട് കണ്ടിട്ടില്ല..വാർത്ത കാണാൻ അല്ല ശെരിക്കും ഇരിക്കുന്നത്...വാർത്ത കഴിഞ്ഞാൽ നമ്മുടെ ഒരു ഇഷ്ട്ടപെട്ട സീരിയൽ ഉണ്ട്..പമ്പരം..പകിട പകിട പമ്പരം..ടോം ജേക്കബ് എന്ന കലാകാരന്റെ ആരാധകൻ ആയിരുന്നു ഞാൻ..അവസാനം സീരിയൽ തീരുമ്പോൾ പുള്ളിയുടെ ഒരു ചിരി ഉണ്ട്..ഫേസ് ക്ലോസ് അപ്പിൽ വരും അപ്പോൾ..ആ സമയം ഞാനും ഒപ്പം ചിരിക്കും, പുള്ളിയെ അനുകരിച്ചു..സാധാരണ ദിവസങ്ങളിലെ വൈകുന്നേരത്തെ കാര്ട്ടൂണ്‍ കാണലിനു ഏറ്റവും ഭീഷണി ആയി ഒരാൾ ഉണ്ടായിരുന്നു അന്ന്..മറ്റാരും അല്ല...മധു മോഹൻ എന്നായിരുന്നു പുള്ളിയുടെ പേര്..ഒരിടക്ക് ദൂരദർശനിൽ ഉള്ള എല്ലാ സീരിയലും പുള്ളിയുടെ ആയിരുന്നു..ദൂരദര്ശന്റെ സ്വന്തം സൂപ്പർ സ്റ്റാർ..അമ്മയും അമ്മൂമ്മയും ഒക്കെ മധു മോഹന്റെ കടുത്ത ആരാധകർ ആയതിനാൽ പരസ്യത്തിന്റെ സമയത്ത് ആണ് പലപ്പോഴും കാര്ട്ടൂണ്‍ കാണുന്നത്..മിക്കി മൗസ് ഫാൻസിനു ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ..
ക്ലാസ്സ് ഇല്ലാത്ത ദിവസം ഉച്ചക്ക് മുതൽ ടി വിയുടെ മുൻപിൽ തന്നെ...ജ്വാലയായ് , മരുഭൂമിയിൽ പൂക്കാലം, അങ്ങാടി പാട്ട്...ഇതിൽ അങ്ങാടി പാട്ട് ആയിരുന്നു എന്റെ പ്രീയപെട്ട സീരിയൽ..കുട്ടേട്ടനും ആര്യ നന്ദയും ഒക്കെ നമ്മുടെ സ്വന്തം ആളുകള് ആയിരുന്നു..വെള്ളിയാഴ്ച ചിത്ര ഗീതം ആണ് രാത്രി 7.15 നു...പുതിയ സിനിമ പാട്ടുകൾ ഒക്കെ കേൾക്കാൻ കൊതിയോടെ ഇരിക്കും..അങ്ങനെ ഇരിക്കുമ്പോൾ ആയിരിക്കും പലപ്പഴും കറന്റ് പോകുന്നത് ...കേരള സ്റ്റേറ്റ് വൈദ്യുത ബോര്ഡിലെ ആരെ എങ്കിലും ആ സമയത്ത് കയ്യിൽ കിട്ടിയാൽ വലിച്ചു കീറി അടുപ്പിലിട്ടു കത്തിച്ചു ചാരമാക്കി ആ ചാരം എടുത്തു പല്ല് തേച്ചു കളയുന്നത്ര ദേഷ്യം ആയിരിക്കും..കൃത്യം വെള്ളിയാഴ്ച ആ സമയത്ത് തന്നെ ഈ കറന്റ് പോകുന്നത് എന്താണെന്നു ഇന്നും എനിക്ക് പിടി കിട്ടിയിട്ടില്ല...സുകുമാര കുറുപ്പിനെ പിടി കിട്ടിയാലും ഇത് എന്താണെന്നു പിടി കിട്ടും എന്ന് തോന്നണില്ല..രാത്രി 8 മണി കഴിഞ്ഞാൽ മലയാളം തീരും..പിന്നെ ഹിന്ദി ആണ്..ഹിന്ദി നഹി മാല്ലൂം..സംബൂര്ന്ന ചാച്ചരത..ബന്ദേർ ക ബച്ചേ..ഞാൻ ഹിന്ദി പഠിച്ചത് വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 9.30 ക്കു ഉള്ള ഹിന്ദി സിനിമ കണ്ടിട്ടാണ്..മിക്കവാറും കോമഡി സിനിമകൾ ആയിരിക്കും..അനിൽ കപൂര്, ഗോവിന്ദ, അമിതാഭ് ബച്ചൻ ഒക്കെ ആണ് നമ്മുടെ അന്നത്തെ താരങ്ങൾ..ഗോവിന്ദയുടെ സിനിമകൾ കണ്ടു ചിരിചിട്ടുള്ളതിനു കയ്യും കണക്കും ഇല്ല..പേര് ഗോവിന്ദൻ എന്നായത് കൊണ്ടാണോ എന്തോ വല്ലാത്തൊരു ഇഷ്ടം ആയിരുന്നു പുള്ളിയോട്..നമ്മുടെ വീട്ടില് തേങ്ങയിടാൻ ഒക്കെ വരുന്ന ചേട്ടനോട് ഒക്കെ ഉള്ള പോലെ ഒരു പ്രത്യേക ഇഷ്ടം..ഗോവിന്ദൻ ചേട്ടൻ..ശനിയാഴ്ച രാത്രി സംഭവങ്ങൾ ഉണ്ടാകും..മൊത്തം പ്രേത കഥകൾ ആണ്..അത് കണ്ടിട്ട് കിടന്നുറങ്ങിയാൽ പിറ്റേ ദിവസം കിടക്കുന്ന ബെഡ് ഷീറ്റ് അലക്കി ഇടേണ്ടി വരും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട..അത് പോലെ ആഴ്ചയിൽ 2 ദിവസങ്ങളിൽ രാത്രിയിൽ ഓം നമ ശിവായ, ജയ് ഗംഗ മയ്യ,ജയ് ഹനുമാൻ, തുടങ്ങിയ ഭക്തി നിര്ഭരമായ സീരിയലുകൾ കണ്ടു ഞാനും സായൂജ്യം അടഞ്ഞിരുന്നു..
പരിപാടികൾക്കിടയിൽ ഇടയ്ക്കു തടസ്സം നേരിടും..അപ്പോൾ നമ്മുക്ക് മാത്രം അല്ല അവർക്കും ഭയങ്കര ഖേദം ആണ്..ദുഃഖം എന്ന വാക്കിന്റെ പര്യായ പദം ആണ് ഖേദം എന്ന് ഞാൻ പഠിച്ചത് അല്ലെങ്കിൽ എന്നെ പഠിപ്പിച്ചത് നമ്മുടെ ദൂരദർശൻ ആണ്..പരിപാടിയിൽ തടസ്സം നേരിടുമ്പോൾ ഒരു ശബ്ദം കേൾക്കാം ..മിൽക്ക് കുക്കറിൽ നിന്ന് ഒക്കെ കേൾക്കുന്ന ചൂളം വിളി പോലെ ഒരു ശബ്ദം..ചെവിയുടെ ഡയഫ്രം പൊട്ടി പോകാത്തത് കാർന്നോർമാർ ചെയ്ത പുണ്യം..പിന്നെ രാവിലെ നേരത്തെ ടി വി ഓണ്‍ ചെയ്താൽ ദൂരദർശൻ എന്നെഴുതി കാണിക്കുമ്പോൾ ഉള്ള ഒരു സംഗീതം ഉണ്ട്..ഇന്നും അത് ഓർക്കുമ്പോൾ വല്ലാത്ത ഒരു ഗൃഹാതുരത്വം ആണ്..അത് പോലെ "മിലെ സുർ മേരാ തുമാര .." എന്ന ഗാനം..ഓർക്കുമ്പോൾ വല്ലാത്ത ഒരു നഷ്ട ബോധം തോന്നുന്നു ഇപ്പോൾ..ഓണം വരുമ്പോൾ എപ്പോഴും കാണിക്കുന്ന ഓണപാട്ടുകൾ ..അതിൽ എന്റെ പ്രീയപ്പെട്ടത് നമ്മുടെ ലാലേട്ടൻ പാടിയ പാട്ടാണ്..ഓർമ്മയുണ്ടോ അത്.."പൂക്കച്ച മഞ്ഞ കച ഒന്നര മീട്ടി തട്ടി മുട്ടി പൂപ്പെണ്ണു ചമഞ്ഞൊരുങ്ങി.."..പരസ്യം തുടങ്ങിയാൽ അതിലും രസം..പോപ്പി കുടയും ജോണ്സ് കുടയും തമ്മിൽ യുദ്ധം ആണ്..മഴ മഴ കുട കുട മഴ വന്നാൽ പോപ്പി കുട...അല്ലെങ്കിൽ കുഞ്ഞാഞ്ഞ വന്നെ എന്നും പറഞ്ഞു ജോണ്സ് എത്തും..പക്ഷെ എനിക്കിഷ്ടം ഹിന്ദി പരസ്യങ്ങൾ ആയിരുന്നു...അമുൽന്റെ പരസ്യം ആയിരുന്നു ഏറ്റവും ഇഷ്ടം..അത് പോലെ ഹാപ്പി ജാമിന്റെ പരസ്യം..സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ...എന്ന് പാടി തൂണിന്മേൽ വലിഞ്ഞു കേറുന്ന ആ കൊച്ചു പയ്യൻ ഇപ്പോഴും മനസ്സില് തുള്ളി ചാടി നടക്കുന്നുണ്ട്..പിന്നെ പാരഗൻ ചപ്പല്സ്..വനമാല വാഷിംഗ് പൌഡർ, നിർമ വാഷിംഗ് പൌഡർ..ഹിന്ദി സിനിമ കാണുമ്പോൾ ഏറ്റവും കൂടുതൽ വരുന്ന പരസ്യം വീക്കോ ഉല്പന്നങ്ങളുടെ ആണ്..അത് പോലെ തിങ്കളാഴ്ച രാത്രി വരുന്ന ഹിന്ദി സീരിയൽ..സുരാഗ് ..അതിലെ ഇൻസ്പെക്ടർ ഭരത് ആയിരുന്നു എന്റെ ആദ്യത്തെ ഷെർലൊക് ഹോംസ് ..ഇൻസ്പെക്ടർ ഭരത് വരുമ്പോൾ ത്രില്ലടിപ്പിക്കുന്ന ഒരു പശ്ചാത്തല സംഗീതം ഉണ്ട്..ഇപ്പോഴും അത് മനസ്സില് മുഴങ്ങുന്നുണ്ട്..ഓർക്കുമ്പോഴേ രോമാഞ്ചം ആണ്..ഭൂതല പ്രക്ഷേപണം സമാപിക്കുന്നു ..അടുത്ത പ്രക്ഷേപണം നാളെ ഉച്ചക്ക് 2.30 മുതൽ..നമസ്കാരം..ഒരു ദിവസത്തിന്റെയും കൂടി സമാപനം ആയിരുന്നു അത്..അന്ന് ഞാൻ ടി വി കണ്ടിരുന്നു..അത് വെറും വിഡ്ഢി പെട്ടി ആയിരുന്നില്ല..ഒരു സാധാരണ ജീവിതത്തിൽ നിന്ന് കൊണ്ടുള്ള ദൂര കാഴ്ചകൾ ആയിരുന്നു..ആ കാഴ്ചകൾ എന്നെ ആകാംക്ഷയിൽ നിർത്തിയിരുന്നു..ചിന്തിപ്പിച്ചിരുന്നു..രസിപ്പിച്ചിരുന്നു....എല്ലാത്തിനും ഉപരി എന്നെ ജീവിതത്തോട് ചേർത്ത് നിർത്തിയിരുന്നു...എന്നാൽ ഇപ്പോൾ ഒന്നിനും പകരം ഒരായിരം ചാനലുകൾ..ഒന്നും കാണാൻ സമയവും ഇല്ല താല്പര്യവും ഇല്ല..എല്ലാം കൃത്രിമത്വം നിറഞ്ഞ ഭാവം മാത്രം തരുന്നു..ഇപ്പോൾ ആണ് തോന്നുന്നത് ടി വി ഒരു വിഡ്ഢി പെട്ടി ആണെന്ന്...നമ്മുടെ സർക്കാരിനോട് ഒരു നിവേദനം പറഞ്ഞോട്ടെ..."പഴയ പോലെ ടി വി കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദികുവാ..ദൂരദർശൻ ഒഴിച്ച് ബാകി ചാനലുകൾ എല്ലാം കുറച്ചു നാളത്തേക്ക് എങ്കിലും നിരോധിക്കാൻ പറ്റുമോ..?..ദൂരദർശനിലെ ആ പഴയ പരിപാടികൾ ഒന്നൂടെ കാണിക്കാൻ പറ്റുമോ..?..ഇല്ല അല്ലെ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ