ഇന്നലെകളെ തിരികെ വരുമോ
ഇന്നലെയും ഇന്നും..നമ്മൾ എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പലപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ്...ഇന്നലെകളുമായി ഇന്നിനെ താരതമ്യപ്പെടുത്തുക..അല്ലെങ്കിൽ നഷ്ട്ടമായ ചിലതിനെ ഓർത്ത് ഇന്ന് അത് നമ്മുക്കിടയിൽ ഉണ്ടാക്കിയ വിടവുമായി പൊരുത്തപ്പെടാൻ ആകാതെ സങ്കടപ്പെടുക...ശെരിക്കും ഇന്നലെകളെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ കൂടുതൽ പേരുടെ മനസ്സിലും ചില ഈണങ്ങൾ മൂളാൻ തുടങ്ങും.."ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ.." അല്ലെങ്കിൽ നമ്മുടെ ന്യൂ ജെനെറെഷൻ മച്ചാൻസ് പാടുന്ന പോലെ .."ഇന്നലെകളെ തിരികെ വരുമോ.."..അങ്ങനെ അങ്ങനെ..പാട്ടുകളെ പറ്റി പറയാൻ അല്ലാട്ടോ ഞാൻ ശ്രമിക്കുന്നത്.. വേറൊരു കാര്യം ആണ്..ഇന്നലെകളിൽ നമ്മുക്ക് കിട്ടാത്ത പലതും ഇന്നുണ്ട്...അതിശയിപ്പിക്കുന്ന സൌകര്യങ്ങൾ ,അവസരങ്ങൾ, ..പക്ഷെ ഇന്നലെകളിലെ ഭാഗ്യങ്ങൾ ഇന്നുണ്ടോ..?..ഇന്നലെ നമ്മൾ ജീവിച്ച പോലെ ഇന്ന് ജീവിക്കാൻ ആകുന്നുണ്ടോ...?..ഇന്ന് മണി മാളികകൾ ഉണ്ട്..ആകാശം മുട്ടുന്ന വീടുകൾ..5 പേർക്ക് താമസിക്കാൻ പൂര പറമ്പ് പോലത്തെ വീടുകൾ...മേശയും കസേരയും ഒക്കെ എടുത്തു മാറ്റിയാൽ വേണമെങ്കിൽ അവിടെ ഒരു ഫുട്ബോൾ മാച്ച് നടത്താൻ ഉള്ള സ്ഥലം കാണും..പക്ഷെ കുടുംബം എന്നൊരു സങ്കല്പം ആ വീടുകളിൽ ഉണ്ടോ..?..ഓരോ സമയത്ത് വീട്ടില് വരുന്ന അച്ഛനും അമ്മയും മക്കളും..പരസ്പരം സംസാരിക്കാൻ പോലും സമയം ഇല്ലാതെ ടീവി യിലും കമ്പ്യൂട്ടർ ലും മൊബൈലിലും ഒക്കെ നുഴഞ്ഞു കയറി ജീവിക്കുന്നു..ഒരു വീടിനുള്ളിൽ വേറെ 5 വീടുകൾ ഉള്ളത് പോലെ ഒറ്റപ്പെട്ടു ജീവിക്കുന്നു.."ആശുപത്രി , ഡോക്ടർമാർ ,ഓപ്പറേഷൻ,ഡോക്ടർമാർ " എന്ന് നമ്മുടെ തയ്യൽക്കാരൻ നോവലിസ്റ്റ് അംബുജാക്ഷൻ അദ്ദേഹത്തിന്റെ പ്രസിദ്ധ നോവൽ "ചിറകൊടിഞ്ഞ കിനാവുകളിൽ പറയുന്നത് പോലെ "വീട്, ജോലി സ്ഥലം,കമ്പ്യൂട്ടർ' ജോലി സ്ഥലം " എന്ന രീതിയിൽ ആണ് ഇപ്പൊ ആളുകൾ..
വലിയ വീടുണ്ട്..പക്ഷെ കുടുംബങ്ങൾ ഇല്ല..ഇന്നലെകളിലെ വലിയ ഭാഗ്യങ്ങളിൽ ഒന്നായിരുന്നു അത്..അച്ഛനും അമ്മയും മക്കളും അമ്മൂമ്മയും അമ്മാവന്മാരും അമ്മായിമാരും അപ്പൂപ്പനും അങ്ങനെ അങ്ങനെ എല്ലാവരും ചേർന്ന വലിയ തറവാടുകൾ ..എന്തിനും ഏതിനും ഒരുമിച്ചു ആയിരുന്നു അവർ .. ജീവിക്കുകയായിരുന്നു അവർ ഓരോ നിമിഷവും ഒരുമിച്ചു..അല്ലാതെ ഇന്നത്തെ പോലെ ഓരോ നിമിഷവും ഒറ്റപ്പെട്ടു മരിക്കുകയായിരുന്നില്ല..എല്ലാവരുടെയും പേരില് വലിയ വിദ്യാഭ്യാസ യോഗ്യതങ്ങൾ ...നാട്ടിൽ ഉള്ള തേങ്ങയേക്കാളും കൂടുതൽ ബിരുദധാരികൾ ഉണ്ട്..പക്ഷെ സാമാന്യ ബുദ്ധി എന്നൊരു സാധനം മാത്രം എങ്ങും കാണാൻ ഇല്ല..കിട്ടാനില്ല...അറിവിന്റെ നിറകുടങ്ങൾ ആയിരുന്ന വ്യക്തി പ്രഭാവങ്ങളെ നമ്മൾ പണ്ട് കണ്ടിരുന്നു..അവരുടെ പേരിന്റെ ഒപ്പം വലിയ ബിരുദങ്ങളുടെ വാലുകൾ ഇല്ലായിരുന്നു..ഇന്നോ..പഠിപ്പിക്കുന്ന അധ്യപകനോടു സംശയം ചോദിച്ചാൽ ഉടനെ ഗൂഗിൾ സെർച്ച് ചെയ്യണം അദ്ദേഹത്തിന്.." ഇന്റർനെറ്റ് എടുക്കു ഇന്ത്യയെ നോ ഫൂൾ ആക്കിംഗ് " എന്ന് പറയേണ്ടി വരുന്ന അവസ്ഥ വരെ എത്തി..ഇന്റർനെറ്റ് ഇല്ലേൽ നമ്മളെ ആളുകള് ഫൂൾ ആക്കുമെങ്കിൽ അവൻ ഫൂൾ ആകുന്നതു തന്നെയാ നല്ലത്..
വലിയ വലിയ ചികിത്സാ രീതികൾ, സൗകര്യങ്ങൾ , ആശുപത്രികൾ ,മരുന്നുകൾ എല്ലാം ഇന്നുണ്ട്..എന്നിട്ടും ഇല്ലാത്ത ഒരു കാര്യം ഉണ്ട്..എന്താണെന്നോ...രോഗം ഒഴിഞ്ഞ നേരം തന്നെ..നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ തിരക്ക് മദ്യ വില്പ്പന ശാലകളിലും ആശുപത്രികളിലും ആണ്..മദ്യം പോലെ മരുന്ന് ആളുകള്ക്ക് ഒരു ലഹരി ആയി എന്ന് തോന്നുന്നു..90 വയസുള്ള അപ്പൂപ്പന്മാർ ഓടി നടക്കുമ്പോൾ 25 വയസുള്ള ചെറുപ്പകാർ നടുവിന് ബെൽറ്റ് കെട്ടിയാ നടക്കുന്നത്..ഷർട്ട് ഇടുമ്പോൾ കൈ ഉളുക്കുന്ന അത്ര ആരോഗ്യം ആണ് പലര്ക്കും..പണ്ടത്തെ നാട്ടു വൈദ്യം തന്നെ മെച്ചം അല്ലെ..അന്ന് വലിയ വലിയ രോഗങ്ങളോ വൈദ്യ ശാലകളിൽ പൂരത്തിന്റെ ആളോ ഇല്ല..അന്ന് ജീവിക്കുന്നതിന്റെ ഇടയിൽ അല്പം മരുന്നുകൾ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ന് ജീവിക്കുന്നത് തന്നെ മരുന്ന് വാരി തിന്നാൻ ആണെന്ന് തോന്നും..ഞാൻ ഒരു നേരം 10 ഗുളിക ആണേ കഴിക്കുന്നത് എന്ന് അഭിമാനത്തോടെ പറയുന്ന ആളുകളെ നോക്കി പറയാൻ തോന്നുന്നത് ഇത്ര മാത്രം.."ഭയങ്കരം തന്നെ അണ്ണാ..ഇങ്ങള് ഇവിടെ ഒന്നും ജനിക്കേണ്ട ആൾ അല്ല ..വല്ല മരുന്നു കമ്പനി യിലും ജനിച്ചു വീഴേണ്ട ആൾ ആണ്.."..
ഇന്ത്യ ചന്ദ്രനിൽ എത്തി...അഭിമാനം..ഇനി എന്നാണ് മനുഷ്യനും അങ്ങോട്ടു ടൂർ പോകാൻ പറ്റുക എന്ന് ആലോചിച്ചു ഇരിക്കുവാണ് ഇന്നത്തെ സിംഹങ്ങൾ..ഒന്ന് ചോദിക്കട്ടെ..തൊട്ടടുത്ത വീട്ടില് ഒന്ന് പോയിട്ട് എത്ര നാൾ ആയി..അയല്ക്കാരെ അറിയുക എങ്കിലും ചെയ്യുമോ..?..അതോ അയൽവാസി ഒരു ദരിദ്രവാസി എന്ന മട്ടു ആണോ..?..അമേരിക്കയിലും ഉഗാണ്ടയിലും വരെ ഫേസ് ബുക്ക് വഴി ബന്ധങ്ങൾ..എന്നാൽ തൊട്ടടുത്ത് ഉള്ള വീട്ടിലെ ആളിന്റെ പേര് ചോദിച്ചാൽ അപ്പൊ പറയും.."എന്തോ..ഞാൻ ദെ വരണൂ .."..ഇന്നലെകളിൽ എന്റെ വീട് എന്നോ നിന്റെ വീട് എന്നോ ഉള്ള വ്യത്യാസം ഉണ്ടായിരുന്നോ...?..വസുധൈവ കുടുംബകം എന്ന് പറയുന്നത് ആയിരുന്നു അന്നത്തെ രീതി..ലോകം മുഴുവൻ ഒരു കുടുംബം.."നിന്നെ പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന് ജീസസ് പറഞ്ഞത് അന്ന് ഒരു ജീവിത ദര്ശനവും ഇന്ന് അപ്പുറത്തെ വീട്ടിലെ പെണ്‍ കൊച്ചിനെ ലൈൻ വലിക്കാനുള്ള ന്യായീകരണവും ആണ്...
അവസാനം ആയി ഇന്നത്തെ വരുമാനം..മാസ ശമ്പളം കിട്ടിയാൽ അത് കൊണ്ട് ഒരു ബൈക്ക് ഉം അമ്മക് 10000 രൂപയുടെ സാരിയും നാട്ടുകാര്ക്ക് അന്നദാനവും തൊട്ടടുത്ത അമ്പലത്തിലെ ഉത്സവവും നടത്തി കഴിഞ്ഞാലും ഒരു ഡയമണ്ട് റിംഗ് വാങ്ങാൻ 5000 രൂപ മിച്ചം പിടിക്കാൻ പറ്റും എന്നുള്ള ചില പരസ്യങ്ങൾ ഓർത്തു പോകുന്നു..ഇത്ര ഭീകരമായ ശമ്പളം ഉണ്ട്..ഇത്ര ഒക്കെ കിട്ടിയിട്ടും ഇല്ലാത്ത ഒന്നുണ്ട്..മനസമാധാനം..എത്ര കിട്ടിയാലും പോര...ഇനിയും വേണം എന്ന ആർത്തി..വലിയ മണി മാളിക , ചാക്ക് കൊണ്ട് പോയി നിറച്ചു കൊണ്ട് വരുന്ന അത്രേം വരുമാനം, ഇവിടെ ഇരുന്നു അന്റാർട്ടിക്കയിലെ പെൻഗ്വിൻ നു വരെ ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ ഉള്ള സൗകര്യം .ആഹ..പക്ഷെ ഇതൊന്നും മനസമാധാനം ആയി അനുഭവിക്കാൻ ഉള്ള ഭാഗ്യം ഇല്ല..ഹാ കഷ്ടം..ഇന്നലെകളിൽ അതുണ്ടായിരുന്നു..ജോലി കഴിഞ്ഞു അന്നത്തെ കൂലിയും വാങ്ങി നാട്ടിലെ കുളത്തിലെ വെള്ളത്തിൽ മുങ്ങി കുളിച്ചു പലഹാര പൊതിയുമായി വീട്ടിലെ സ്നേഹ സൌരയൂധയിലേക്ക് കടന്നു വരുമ്പോൾ അയാള് ജീവിക്കുകയിരുന്നു...ജീവിതത്തിന്റെ ഓരോ തുള്ളിയും നുകരുകയായിരുന്നു..അതിന്റെ അവസാന രസം വരെ..അറിയാതെ മൂളി പോകുന്നു "ഇന്നലെകളെ തിരികെ വരുമോ.."..വരില്ലെന്നറിഞ്ഞു കൊണ്ട് തന്നെ...
Orrmatil oru shishiram.. Omanikkaan oru shishiram...
മറുപടിഇല്ലാതാക്കൂ